12:08am 08 November 2026
NEWS
ഹിന്ദു പ്രീണനത്തിന് മത്സരിച്ച് കേരളത്തിലെ എൽഡിഎഫും യുഡിഎഫും
14/03/2025  12:04 PM IST
nila
ഹിന്ദു പ്രീണനത്തിന് മത്സരിച്ച് കേരളത്തിലെ എൽഡിഎഫും യുഡിഎഫും

കേരളത്തിൽ അധികാരം നിലനിർത്താൻ സിപിഎമ്മും അധികാരം പിടിക്കാൻ കോൺ​ഗ്രസും ചരടുവലികൾ ആരംഭിച്ച് കഴിഞ്ഞു. രണ്ടു കൂട്ടരും ലക്ഷ്യംവെക്കുന്നതാകട്ടെ ഹിന്ദു വോട്ടുകളും. ഹിന്ദു വോട്ടുകൾ ലഭിക്കുന്നില്ലെങ്കിൽ കേരളത്തിൽ അധികാരം ലഭിക്കില്ലെന്ന തിരിച്ചറിവിലാണ് ഇടത് - വലത് മുന്നണികൾ. സംഘപരിവാറിനെയും ബിജെപിയേയും അമിതമായി വിമർശിക്കുന്നത് ഹിന്ദു വോട്ടുകൾ തങ്ങളിൽ നിന്നും അകലാൻ കാരണമാകും എന്നാണ് കോൺ​ഗ്രസും സിപിഎമ്മും കണക്കുകൂട്ടുന്നത്. ദേശീയ ബിജെപി നേതാക്കളെ പ്രീണിപ്പിക്കുകയും അതുവഴി ഹിന്ദു വോട്ടുകൾ തങ്ങളിലേക്ക് അടുപ്പിക്കുകയും ചെയ്യുക എന്ന തന്ത്രമാണ് യുഡിഎഫും എൽഡിഎഫും പയറ്റുന്നത്. കേരളത്തിലെ യുഡിഎഫ് നേതാക്കളും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ സന്ദർശിച്ചതോടെ ഇത്തരമൊരു നീക്കത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യം കൈവന്നിരിക്കുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. 

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ച്ചയാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഇപ്പോൾ വലിയ ചർച്ചയാകുന്നത്.  കേരള ഹൗസിൽ നടന്ന കൂടിക്കാഴ്ച്ചയിൽ മുഖ്യമന്ത്രിക്കൊപ്പം ഗവർണർ രാജേന്ദ്ര ആർലേക്കർ, സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രഭാത ഭക്ഷണവും കഴിച്ചാണ് നിർമല സീതാരാമൻ മടങ്ങിയത്. എന്നാലിത് തീർത്തും അനൗദ്യോഗിക സന്ദർശനമായിരുന്നുവെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നത്. 

കേരളത്തിന്റെ ഡൽഹിയിലെ പ്രതിനിധി കെ വി തോമസാണ് ബിജെപിയുടെ ദേശീയ നേതാക്കളും കേരളത്തിലെ ഇടത് നേതാക്കളുമായുള്ള സൗഹൃദത്തിന് പാലമായി നിൽക്കുന്നത്. നേരത്തെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ കണ്ട കെ വി തോമസാണ് കേരളഹൗസിൽ മുഖ്യമന്ത്രി-കേന്ദ്ര ധനകാര്യ മന്ത്രി കൂടിക്കാഴ്ചയ്ക്ക് കളമൊരുക്കിയത്. അന്തരീക്ഷം സൗഹാർദ്ദപരമാകാനായി ​ഗവർണറെയും ഒപ്പം കൂട്ടി.

മുഖ്യമന്ത്രി പിണറായി വിജയനും നിർമ്മല സീതാരാമനും തമ്മിലുള്ള കൂടിക്കാഴ്ച്ചക്ക് പിന്നാലെ കേരളത്തിലെ യുഡിഎഫ് എംപിമാരും നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കേരളത്തിലെ ആശാ വർക്കർമാരുടെ പ്രശ്‌നം ഉൾപ്പെടെ കേന്ദ്ര ധനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി എന്നാണ് എംപിമാർ പിന്നീട് പ്രതികരിച്ചത്. കേന്ദ്രത്തിലെ ബിജെപി നേതാക്കളുമായി നല്ല ബന്ധം പുലർത്തുന്ന കൊല്ലം എംപി എൻകെ പ്രേമചന്ദ്രനായിരുന്നു ഈ കൂടിക്കാഴ്ച്ചയുടെ ബുദ്ധികേന്ദ്രം.

നിർമ്മല സീതാരാമനുമായുള്ള സൗഹൃദത്തോടെ കേരളത്തിലെ ഭൂരിപക്ഷ വോട്ടുകൾ തങ്ങളുടെ പെട്ടിയിലാക്കാമെന്ന ​ഗൂഢലക്ഷ്യമാണ് ഇടത് - വലത് മുന്നണികൾക്കുള്ളത്. സംസ്ഥാനത്തെ ന്യൂുപക്ഷ സമുദായങ്ങളുടെ വോട്ടുകൾ എങ്ങനെ പോകുമെന്ന കാര്യത്തിൽ കോൺ​ഗ്രസിനും സിപിഎമ്മിനും കൃത്യമായ മുൻധാരണയുണ്ട്. എന്നാൽ, ഭരണം തീരുമാനിക്കുന്ന തരത്തിൽ മാറിമറിയുന്നത് ഹിന്ദു ഭൂരിപക്ഷ വോട്ടുകളാണ്. ഈ വോട്ടുകൾ ഉറപ്പിക്കാൻ ബിജെപി ദേശീയ നേതൃത്വത്തിന്റെ സൗഹൃദമാണ് എളുപ്പ വഴിയെന്ന കണക്കുകൂട്ടലിലാണ് കോൺ​ഗ്രസും സിപിഎമ്മും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img